കേരള പുനര്‍ നിര്‍മ്മാണ പദ്ധതി

കേരള പുനര്‍ നിര്‍മ്മാണ പദ്ധതി



മഹാപ്രളയത്തിൽ നിന്നും നമ്മൾ കരകയറി. അത് ഉണ്ടാക്കിയ കനത്ത ആഘാതത്തിൽ നിന്നും ശുഭാപ്തിവിശ്വാസത്തിന്റെ നല്ലൊരു നാളെയിലേക്ക് നാം പിച്ചവയ്ക്കുന്നു. മനക്കരുത്തോടെ വലിയൊരു ദുരന്തത്തെ അതിജീവിച്ചവരെന്ന നിലയിൽ, ഒറ്റക്കെട്ടായി നിന്ന് പരസ്പരം താങ്ങായവരെന്ന നിലയിൽ ലോകം നമ്മെ അടയാളപ്പെടുത്തുന്നു. പ്രളയത്തിൽപ്പെട്ടവരെ അപകടത്തിൽ നിന്നും രക്ഷിക്കുന്നത് മുതൽ അവർക്ക് ആവശ്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും സഹായധനം കണ്ടെത്തുന്നതിനുമെല്ലാം നമ്മുടെ കൂട്ടായ പ്രവർത്തനം പ്രശംസാവഹമായിരുന്നു.

അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്നുകൊണ്ടാണ് നാം നവകേരളം സൃഷ്ടിക്കുന്നത്. പ്രളയമെടുത്തവയെ പുന:സ്ഥാപിക്കുകയല്ല, ഇനിയൊരു പ്രളയത്തിനും കവരാകാനാകാത്തത്ര ഉറപ്പിൽ അവയെ കേരളത്തിന്റെ മണ്ണിൽ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇനിയെന്ത് പ്രതിസന്ധികൾ ഉണ്ടായാലും അവയ്ക്ക് മുന്നിൽ പകച്ച് നിൽക്കേണ്ടി വരരുതെന്ന ദൃഢനിശ്ചയം ഓരോ ചുവടിലും നാം പാലിക്കുന്നുണ്ട്. സാങ്കേതിക മികവുകൾ ഉറപ്പുവരുത്തി, പ്രകൃതി സൗഹൃദമായ നിർമ്മാണ രീതിയാണ് കൈക്കൊള്ളുന്നത്. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേരള പുനർനിർമ്മാണ പദ്ധതി (Rebuild Kerala Initiative ) ക്ക് സർക്കാർ രൂപം നൽകിയിരിക്കുന്നത്.

വിശദമായ പദ്ധതിരേഖയും നിർവ്വഹണ സമയക്രമവും നിശ്ചയിച്ച് പ്രാപ്തരായ ഏജൻസികൾ വഴി പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് നിർവഹണ സമീപനം. കൃഷി, ജലവിഭവം, പരിസ്ഥിതി, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഗതാഗതം, മത്സ്യബന്ധനം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകൾ വഴി പദ്ധതിരേഖകൾ തയ്യാറാക്കി വിവിധ ഫണ്ടിംഗ് ഏജൻസികൾക്ക് സമർപ്പിക്കുന്നതിനുള്ള നടപടിയാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്.