ഉപജീവനം വീണ്ടെടുക്കൽ


 • കുടുംബശ്രീ :പ്രളയത്തിൽ ഉപജീവനം നഷ്ടപ്പെട്ടവർക്ക് ജീവിതം സാധാരണ നിലയിൽ ആക്കാനായി 1395.16 കോടി രൂപയുടെ പലിശ രഹിത വായ്പ നൽകാൻ കുടുംബശ്രീയിലൂടെ സാധിച്ചു
 • ദേശീയ തൊഴിലുറപ്പ് പദ്ധതി : 2018 ഓഗസ്റ്റ് 16 ന് ശേഷം ആകെ 10.78 ലക്ഷം പേർക്ക് തൊഴിൽ നൽകി.
 • കൃഷി വകുപ്പ് :വ വിളനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരമായും ചേറ് നീക്കി നിലമൊരുക്കുന്നതിനും 287 കോടി രൂപ വിതരണം ചെയ്തു. കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം
 • കന്നുകാലി വളർത്തൽ : ഉരുക്കൾ നഷ്ടപ്പെട്ടവർക്കുളള സഹായമായി ആദ്യ ഗഡുവെന്ന നിലയിൽ 27,363 കർഷകർക്ക് 21.7 കോടി രൂപ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്തു.
 • ഫിഷറീസ്: പ്രളയത്തിൽ ഏറ്റവും അധികം ആഘാതമുണ്ടായ മത്സ്യകൃഷി മേഖലയിൽ 2018-19 വർഷത്തിലെ പദ്ധതിയിൽ നിന്ന് 40 കോടി രൂപ വിനിയോഗിച്ച് മത്സ്യകൃഷി മേഖലയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിച്ചു.
 • വ്യവസായ വകുപ്പ് :ചെറുകിട, ഇടത്തരം വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ, കടകൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനായി ബാങ്ക് വായ്പ ഉപയോഗപ്പെടുത്തിയുള്ള ഉജ്ജീവന പദ്ധതി നടപ്പാക്കി വരുന്നു.


പ്രളയശേഷം ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതുവരെ ഉണ്ടായിരുന്ന എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു. ജീവിതം ഒന്നു മുതൽ ആരംഭിക്കേണ്ട സാഹചര്യത്തിലെത്തിയിരുന്നു അവർ.വീടും വീട്ടുപകരണങ്ങളും മാത്രമല്ല, ഉപജീവനമാർഗ്ഗങ്ങളും ബഹുഭൂരിപക്ഷത്തിനും നഷ്ടപ്പെട്ടുപോയി. കന്നുകാലി വളർത്തി ജീവിച്ചിരുന്നവർ, കർഷകർ, ചെറുതും വലുതുമായ വ്യവസായം നടത്തിയിരുന്നവർ തുടങ്ങിയവർക്കെല്ലാം ഉണ്ടായ നഷ്ടം താങ്ങാനാകുന്നതിനുമപ്പുറമായിരുന്നു. ഉപജീവനമാർഗ്ഗങ്ങൾ തയ്യാറാക്കിക്കൊടുക്കുന്നതിലൂടെ കുടുംബശ്രീയും ദേശീയ തൊഴിലുറപ്പ് പദ്ധതിയും നിലച്ചുപോയ ജീവിതതാളം വീണ്ടെടുക്കുന്നതിന് അവർക്ക് കൈത്താങ്ങായി. വായ്പയും നഷ്ടപരിഹാരവും സഹായധനവും വിവിധ സർക്കാർ വകുപ്പുകളിലൂടെ യഥാസമയം എത്തിക്കാനും നമുക്കായി.

കുടുംബശ്രീ


പ്രളയത്തിൽ ഉപജീവനം നഷ്ടപ്പെട്ടവർക്ക് ജീവിതം സാധാരണ നിലയിൽ ആക്കാനായി 1395.16 കോടി രൂപയുടെ പലിശ രഹിത വായ്പ നൽകാൻ കുടുംബശ്രീയിലൂടെ സാധിച്ചു. പലിശ സർക്കാർ നൽകും. റീസർജന്റ് കേരള ലോൺ പദ്ധതി പ്രകാരമാണ് 24,753 അയൽക്കൂട്ടങ്ങളിലെ 1,65,769 ഗുണഭോക്താക്കൾക്ക് 1395.16 കോടി രൂപയുടെ വായ്പ ലഭ്യമാക്കാനായത്.

ഉപജീവനത്തിനുള്ള വഴികൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗം തുറന്നുകൊടുക്കുന്നതിനായി ARISE (Acquiring Resilience and Identtiy through Sustainable Employment) പദ്ധതി പ്രകാരം സ്വയംതൊഴിൽ പരിശീലനം നൽകി വരുന്നു. 50,000 പേർക്കാണ് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നത്. പദ്ധതിയിലേക്ക് ഇതുവരെ 47,105 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കെട്ടിടനിർമാണം പൂർണ്ണമായും ഏറ്റെടുക്കാൻ പ്രാപ്തിയുള്ള 246 നിർമാണ ഗ്രൂപ്പുകൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. 15 കമ്പനികളിൽനിന്നായി മുന്നൂറിലധികം ഗൃഹോപകരണങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നൽകുന്നു.

ദേശീയ തൊഴിലുറപ്പ് പദ്ധതി


2018 ഓഗസ്റ്റ് 16 ന് ശേഷം ആകെ 10.78 ലക്ഷം പേർക്ക് തൊഴിൽ നൽകി. ഇതിൽ 3.99 ലക്ഷം കുടുംബങ്ങൾ പുതിയതായി പദ്ധതിയിലേക്ക് വന്നവരാണ്. പ്രളയത്തിന് ശേഷം അഞ്ചു കോടിയോളം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. 1336 കോടി രൂപ ഈ പ്രദേശത്തെ ജനങ്ങൾക്ക് താങ്ങായി എത്തി. ഈ ഇനത്തിൽ 559 കോടി രൂപ ഇതിനകം ഗുണഭോക്താക്കളുടെ അകൗണ്ടിൽ എത്തി.

പ്രളയം ബാധിച്ച ഏഴ് ജില്ലകളിലായി ഒരു കുടുംബത്തിന് 50 അധിക തൊഴിൽദിനങ്ങൾ വീതം ലഭ്യമാക്കി. 6 ജില്ലകളിലേക്കും ഒരു കുടുംബത്തിന് 50 അധിക തൊഴിൽദിനങ്ങൾ വീതം അനുവദിക്കണമെന്ന അപേക്ഷ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

കൃഷി വകുപ്പ്


2,36,649.5 ഹെക്ടർ സ്ഥലത്ത് വിളനാശം സംഭവിച്ചിട്ടുണ്ട്. ഇതിലൂടെ ആകെ 18,545.25 കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. കൃഷിഭൂമി നശിച്ചതിലൂടെ 326.25 കോടിയുടെയും അടിസ്ഥാനസൗകര്യങ്ങളും മറ്റ് ആസ്തികളും നശിച്ചതിലൂടെ 130.34 കോടിയുടെയും നഷ്ടമുണ്ടായി. ഇങ്ങനെ ആകെ 19,001.84 കോടിയുടെ നഷ്ടമാണ് കാർഷിക മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.

 • വിളനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരത്തിന് 3,05,964 അപേക്ഷകൾ ലഭിച്ചു. ഇതിൽ 2,38,376 പേർക്കായി 66.747 കോടി രൂപ SDR ഫണ്ടിൽ നിന്നും വിതരണം ചെയ്തിട്ടുണ്ട്. 2,24,610 പേർക്ക് വകുപ്പിന്റെ വിഹിതമായി 110.3 കോടി രൂപയും നൽകി.
 • സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽപെടുത്തി 11,718 കർഷകർക്കായി 18.04 കോടി രൂപ നഷ്ടപരിഹാരം നൽകി. കൃഷിഭൂമിയിലെ ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി SDR ഫണ്ടിൽ നിന്നും 525 ലക്ഷം രൂപ ചിലവഴിച്ചു. വെള്ളം വറ്റിക്കൽ, ബണ്ട്/തടയണ പുനരുദ്ധാരണം, പമ്പ്‌സെറ്റ് നന്നാക്കൽ തുടങ്ങിയവയ്ക്കായി 197.78 കോടി രൂപ അനുവദിച്ചു.
 • മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോർട്ടികൾചർ പദ്ധതിവഴി 102.1855 കോടി രൂപയുടെ അധിക സഹായം അനുവദിക്കണമെന്ന് സംസ്ഥാന ഹോർട്ടികൾചർ മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ 93.39 കോടി രൂപ ലഭിച്ചിട്ടുണ്ട്. PMFBY പദ്ധതിയിൽ അംഗങ്ങളായ ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിളനാശം നേരിട്ട നെൽക്കർഷകർക്ക് ഇൻഷുറൻസ് തുകയുടെ 25% നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടുണ്ട്.
 • വിളനശിച്ചവർക്കും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കും ധാർമിക പിന്തുണ നൽകിയും സാമൂഹ്യ പങ്കാളിത്തത്തോടെ ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചും കാർഷിക മേഖലയുടെ പുനരുദ്ധാരണം നടത്തുന്നതിനായി ആവിഷ്‌കരിച്ച പുനർജനി എന്ന പദ്ധതി നടപ്പിലാക്കി വരുന്നു
 • കർഷകർക്ക് 5650.85 മെട്രിക് ടൺ നെൽവിത്ത് സൗജന്യമായി വിതരണം ചെയ്തു. ഒരു കോടി പച്ചക്കറി തൈകൾ സൗജന്യമായി നൽകി. 50 ലക്ഷം പച്ചക്കറി വിത്തു പാക്കറ്റുകളും 12 ലക്ഷം കുരുമുളകു വള്ളികളും വിതരണം ചെയ്തു. പച്ചക്കറി കർഷകർക്കായി ആകെ 92 കോടി രൂപയുടെ സഹായം നൽകി.
 • ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 270 ഇടങ്ങളിൽ ബണ്ട് സംബന്ധിച്ച ജോലികൾക്കായി വേണ്ട തുകയുടെ 20% മുൻകൂറായി പാടശേഖര സമിതികൾ മുഖേന നൽകി. പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിൽ നടപ്പാക്കുന്നതിനായി 25 ലക്ഷം രൂപ വരെയുള്ളവയെ ഇ ടെൻഡർ നടപടിക്രമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 • പ്രളയ ബാധിത പ്രദേശങ്ങളിലെ കാർഷിക വായ്പകൾക്ക് 31/07/2018 മുതൽ ഒരു വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. 'ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾചർ ഡവലപ്‌മെന്റി'ൽനിന്ന് 500 കോടി വായ്പാ സഹായം ഉൾപ്പെടെ 745 കോടിയുടെ പദ്ധതി തയാറാക്കി കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമർപ്പിച്ചു. കാർഷികമേഖലയുടെ പുനരുദ്ധാരണത്തിനായി ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ 'പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്റ്' സംഘം സംസ്ഥാനതല കൃഷി വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ട്.
 • കാർഷികമേഖലയുടെ പുനരുദ്ധാരണത്തിനായി 1603 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചു.
 • സംസ്ഥാന ബഡ്ജറ്റിൽ നിന്നും ആകെ 178 കോടി രൂപ നൽകിയതിനു പുറമെ 13,321 കർഷകർക്ക് 21.57 കോടി രൂപ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകി.

കന്നുകാലി വളർത്തൽ


പ്രളയത്തിൽപ്പെട്ട് കന്നുകാലികൾ ഭൂരിഭാഗവും ചത്തൊടുങ്ങി. അതിജീവിച്ചവയ്ക്കാകട്ടെ അതിലും വലിയദുരന്തം അനുഭവിക്കേണ്ടി വന്നു. തുടർച്ചയായി വെള്ളത്തിൽ നിന്നതിന്റെ ഫലമായി അകിടുവീക്കമുണ്ടായി. ശരീരത്തിന്റെ പലഭാഗങ്ങളിൽ തൊലി ഇളകിപ്പോയി മുറിവുകൾ ഉണ്ടാവുകയും അത് ഉണങ്ങാതെ പുഴു അരിക്കാൻ തുടങ്ങുകയും ചെയ്തു. കന്നുകാലികൾക്കുള്ള തീറ്റയ്ക്കും മരുന്നിനും ക്ഷാമം നേരിട്ടു. അകിടുവീക്കം ഉണ്ടായ കന്നുകാലികൾക്ക് പാൽ ഉത്പാദനത്തിനുള്ള ശേഷി പകുതിയിലധികം കുറഞ്ഞു. കർഷകരുടെ മനോവീര്യം നഷ്ടപ്പെടാതെ അവർക്ക് പുതുപ്രതീക്ഷകൾ നൽകുന്നതിനുള്ള ത്വരിത നടപടികൾ മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും കൈക്കൊണ്ടു.

 • മൃഗസംരക്ഷണ വകുപ്പ് 43.70 കൂടി രൂപയുടെ സഹായം കർഷകർക്ക് നൽകി.
 • ഉരുക്കൾ നഷ്ടപ്പെട്ടവർക്കുളള സഹായമായി ആദ്യ ഗഡുവെന്ന നിലയിൽ 27,363 കർഷകർക്ക് 21.7 കോടി രൂപ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്തു. 29 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പ്രദേശങ്ങളിൽ 2.68 കോടി രൂപയുടെ കന്നുകാലിത്തീറ്റയും വിതരണം ചെയ്തു.
 • ക്ഷീര വികസന വകുപ്പ് 400 പശുക്കളെ വിതരണം ചെയ്തു. തൊഴുത്തുകളുടെ നിർമാണം, ക്ഷീരകർഷകർക്ക് ആവശ്യാധിഷ്ഠിതസഹായം, ധാതുമിശ്രിത വിതരണം എന്നിവയ്ക്കായി 22 കോടി രൂപയുടെ പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.

ഫിഷറീസ്


പ്രളയത്തിൽ ഏറ്റവും അധികം ആഘാതമുണ്ടായ മത്സ്യകൃഷി മേഖലയിൽ 2018-19 വർഷത്തിലെ പദ്ധതിയിൽ നിന്ന് 40 കോടി രൂപ വിനിയോഗിച്ച് മത്സ്യകൃഷി മേഖലയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി 204.93 കോടി രൂപയുടെ പദ്ധതിയാണ് തയാർക്കിയിട്ടുള്ളത് . ഫിഷറീസ് മേഖലയുടെ പുനർനിർമാണം ലക്ഷ്യമാക്കി 52മേഖലകൾ തെരഞ്ഞെടുത്ത് രൂപരേഖകൾ തയ്യാറാക്കിയിട്ടുണ്ട്

 • ഫിഷറീസ് മേഖലയിൽ 174.78 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. മൽസ്യക്കൃഷി മേഖലയുടെ മാത്രം നഷ്ടം 137.76 കോടി രൂപയാണ്. മൽസ്യത്തൊഴിലാളി പുനരധിവാസം-600 കോടി രൂപ, ഫിഷിങ് ഇൻപുട്ട്- 99.91 കോടി രൂപ, മൽസ്യക്കൃഷിമേഖലയുടെ പുനരുദ്ധാരണം- 204.93 കോടി രൂപ, ജീവനോപാധി പദ്ധതികൾ- 102.80 കോടി രൂപ, മൽസ്യ മാർക്കറ്റുകളുടെ നവീകരണം- 38.98 കോടി രൂപ, ഫിഷ് ലാൻഡിങ് സെന്ററുകളുടെ അടിസ്ഥാനസൗകര്യ വികസനം- 20.05 കോടി രൂപ, കൃത്രിമ പാരുകൾ- 4 കോടി, അലങ്കാര മൽസ്യം- 15.93 കോടി രൂപ എന്നിങ്ങനെ 1086.60 കോടി രൂപയുടെ പുനരധിവാസ പാക്കേജ് തയാറാക്കി .
 • പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ സ്വമനസ്സാലെ മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം എത്തിയിരുന്നു. ആയിരക്കണക്കിന് ജീവനാണ് അവർ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടയിൽ ഇവരുടെ വള്ളങ്ങൾക്കും മറ്റും നാശനഷ്ടം സംഭവിച്ചു. അവ പരിഹരിക്കുന്നതിനായി 3 കോടിയിലധികം രൂപ അനുവദിച്ചു.

വ്യവസായ വകുപ്പ് (ഉജ്ജീവന പദ്ധതി )


വ്യവസായ വകുപ്പിന് കീഴിൽ 15,626.19 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 4,992 MSMEയൂണിറ്റുകൾക്കായി 1,355.19 കോടി രൂപയുടെയും 14,271 കടകൾക്ക് 489.54 കോടി രൂപയുടെയും നാശനഷ്ടമാണുണ്ടായിട്ടുള്ളത്.

 • ചെറുകിട, ഇടത്തരം വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ, കടകൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനായി ബാങ്ക് വായ്പ ഉപയോഗപ്പെടുത്തിയുള്ള ഉജ്ജീവന പദ്ധതി നടപ്പാക്കി വരുന്നു. 506 അപേക്ഷകൾ 2019 ജനുവരി വരെ ലഭിച്ചു. എടുക്കുന്ന വായ്പകളുടെ മാർജിൻ മണിയായി 2,00,000 രൂപ വരെയുളള സഹായം നൽകും. (ഉദാഹരണത്തിന് 10,00,000 ലോൺ എടുക്കുമ്പോൾ സർക്കാർ 2,00,000 രൂപ ബാങ്കിനു നൽകും.) എസ്.എൽ.ബി.സി കൂടി തീരുമാനമെടുത്ത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
 • പ്രളയബാധിതരെ സഹായിക്കാനായി പുനർജനി എന്ന പേരിൽ പുതിയ വായ്പാപദ്ധതിക്ക് KSIDC രൂപം നൽകിയിട്ടുണ്ട്. 9% പലിശ നിരക്കിൽ മൂന്നു കോടി രൂപ വരെ ഹ്രസ്വകാല വായ്പയായി നൽകും. ഈ പദ്ധതി പ്രകാരം 9 യൂണിറ്റുകൾക്ക് 2019 ജനുവരി വരെ ധനസഹായം അനുവദിച്ചിട്ടുണ്ട്.